Skip to main content

ഇബിലിസ് - മരണത്തെ സ്നേഹിക്കാൻ പഠിപ്പിച്ച സിനിമ

മരണം..നമുക്കെല്ലാവർക്കും ഏറ്റവുമധികം പേടിയുള്ളതും ഒരിക്കലും ഒഴിവാക്കാനാവാത്തതുമായ പ്രപഞ്ച സത്യം. എത്ര സമ്പത്ത് ഉള്ളവനോ ദരിദ്രനോ ബുദ്ധിജീവിക്കോ ഭരണാധികാരികൾക്കോ ആർക്കും തന്നെ ഒളിച്ചോടാൻ കഴിയാത്ത പേടി സ്വപ്നം. പേടി എന്ന വാക്കിന്റെ ഡെഫിനിഷൻ തന്നെ ഒരുപക്ഷേ മരണം എന്ന വാക്കുമായി ബന്ധപ്പെട്ടതാകാം. അതിനെ പേടിക്കാത്ത ഒരു മനുഷ്യജീവിയും ഇല്ല.

ഇത്രയും തീവ്രമായ ഒരു പേടിസ്വപ്നമാണ് മരണം എന്നുള്ളിടത്താണ് ഇബിലിസ് എന്ന സിനിമയുടെ യഥാർത്ഥ വിജയം. ആ സിനിമ കാണുന്ന എല്ലാവരും മരണത്തെ ഇഷ്ടപ്പെടാൻ തുടങ്ങും. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം മരിച്ചാൽ കൊള്ളാം എന്ന ചിന്ത ഉണ്ടാവുന്നത്. അതിനു കാരണമോ ഇബിലിസ് എന്ന അസാധ്യ സിനിമ.

മനുഷ്യർക്കു ഏറ്റവും പേടിയുള്ള ഒന്നിനെ ഏററവും ഇഷ്ടപ്പെടുന്ന ഒന്നാക്കി മാറ്റാൻ നിഷ്പ്രയാസം കഴിയുന്നുണ്ടെങ്കിൽ ആ സിനിമയുടെ ആഴം എത്രമേൽ വലുതാണ്. അസാധ്യയമായത് സാധ്യമാക്കുന്ന വലിയ ഒരു മാജിക് ആണ് ഇബിലിസ്. ഫാന്റസിയുടെ ലോകത്ത് നമ്മൾ നമ്മളെ തന്നെ മറന്നു പോകുന്ന ഒരു മായക്കാഴ്ച. 2 മണിക്കൂർ നമ്മൾ മരിച്ചവരുടെ ലോകത്താണ്. സന്തോഷത്തിന്റെ ആനന്ദത്തിന്റെ സ്വർഗ്ഗത്തിന്റെ പറുദീസയിൽ. അവിടെ നമ്മൾ എല്ലാം മറക്കുന്നു. മരണത്തെ, അതിന്റെ ഭീകരതയെ, അതില്ലതാക്കുന്ന നൈമിഷികമായ ജീവിതത്തെ എല്ലാം നമ്മൾ മറന്നു പോകുന്നു. വേറൊരു സ്വപ്നലോകത്ത് നമ്മൾ കേട്ടു പൊട്ടിയ പട്ടം പോലെ പറന്നു നടന്നു സ്വാതന്ത്രരാവുന്നു. മരണത്തിന്റെ തടവറയിൽ നിന്നു പടമുഖങ്ങളുടെ നേർക്കാഴ്ചകളായ ജീവിത സമരങ്ങളിൽ നിന്നു സമാധാനത്തിന്റെ അത്യുന്നതിയിലേക് യാത്രയാവുന്നു.

മനോഹരം എന്നു വിശേഷിപ്പിച്ചാൽ ഒതുങ്ങുന്നതല്ല ഇബിലിസ് എന്ന സിനിമയുടെ പ്രത്യേകതകൾ. അതിനുമപ്പുറം നമ്മളെ മറ്റൊരു സാധ്യതയിലേക് പറിച്ചു വെക്കാൻ കെൽപ്പുള്ള ചിന്താ സരണിയാണ് ഇബിലിസ്. കേവലം ഒരു സിനിമ എന്നതിനും അപ്പുറത്തേക് ഒരു വിശാല ചിന്തയുടെ തുടക്കം കുറിക്കുന്ന ബിഗ് ബാങ് ആണ് ഇബിലിസ്. കാണാത്തവർക് വൻ നഷ്ടം എന്നു ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരു ചിത്രം. അടി ഇടി വെടിവെപ്പുകൾ മാത്രം ഇഷ്ടപ്പെടുന്ന സിനിമയുടെ അനന്തമായ ലോകത്തെക്കുറിച്ചു അറിയാത്ത റിയലിസം മാത്രം കണ്ടു വളർന്നവർക് പറ്റിയ ഒന്നല്ല ഇത്. അതുകൊണ്ടായിരിക്കാം കേരളത്തിൽ ഇത്രയും മനോഹരമായ ഒരു ചിത്രം പരാജയപ്പെടുന്നത്. വളർച്ച പ്രാപിക്കാത്ത കാണികൾ കേരള നാടിനു ഒരു ശാപം തന്നെയാണ്. ഫാന്റസി ചിത്രങ്ങൾ ഇതിനു മുൻപും പരാജയപ്പെട്ടിട്ടുണ്ട് കേരളത്തിൽ. ഇന്ന് നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷയായ ലിജോ ജോസ് പെല്ലിശേരിയുടെ ഡബിൾ ബാരൽ അതിനു ഒരു ഉത്തമ ഉദാഹരണമാണ്. പക്ഷേ അതിലൊന്നും തളരാതെ വീണ്ടും പുതിയ പരീക്ഷണങ്ങൾ ഉണ്ടാകുന്നത് ആശ്വാസകരം തന്നെയാണ്.

തിരിച്ചറിയപ്പെടാതെ പോകുന്നവയാണ് സത്യത്തിൽ ഏറ്റവും മികച്ചത്. അത്തരത്തിൽ തിരിച്ചറിയപ്പെടാതെ പോയ, നമ്മൾ കുപ്പയിൽ തള്ളിയ മാണിക്യമാണ് ഇബിലിസ്. ഇനിയെങ്കിലും അത് തിരിച്ചെടുത്തു നെഞ്ചിൽ സൂക്ഷിക്കാൻ നമുക്കാവട്ടെ. കാണുക.. കാത്തിരിക്കുന്നത് ചിന്തയുടെ വസന്തമാണ്. പേടിയെ ഇഷ്ടമാക്കി മാറ്റുന്ന മായജാലമാണ്‌..



Comments